ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
തലയെടുപ്പോടെ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറന്‍ അതിരുകള്‍ കാക്കുന്ന മലനിരകളില്‍ താമസിച്ചിരുന്ന മലമുത്തന്മാരില് നിന്നും ഇന്ന് പഞ്ചായത്തിലുടനീളം നിറഞ്ഞു നില്ക്കുന്ന സാംസ്കാരിക പ്രബുദ്ധരായ ഒരു സമൂഹത്തിലേക്കുള്ള ദൂരം അളന്നെടുക്കുമ്പോള്‍ വ്യക്തമാവുന്ന ചില സംഗതികളുണ്ട്. നിലമ്പൂര്‍ വനത്തില്‍ നിന്നും കോഴിക്കോട് കടല്‍ തീരത്തു നിന്നും ഇടയില്‍ നിന്ന എടമണ്ണ് എടവണ്ണയായി എന്ന് അനുമാനിക്കുന്നു.
ഭൂതകാലത്തിന്റെ ത്യാഗോജ്ജ്വല സ്മരണകള്‍ നല്കുന്ന ഊര്‍ജ്ജം കൊണ്ടാണ് സമൂഹം ഭാവിയിലേക്ക് കരുത്തോടെ കുതിക്കുന്നത് എന്ന് പറയാറുണ്ട്. ഒന്ന് , ചാലിയാറിന്റെ സമൃദ്ധമായ തീരങ്ങള്‍ ലക്ഷ്യമിട്ട് പുറത്ത് നിന്നും ആളുകള്‍ കുടിയേറിത്തുടങ്ങി. രണ്ട് , വനസമ്പത്തും ജൈവ വൈവിധ്യവും പുറം ദിക്കില്‍ നിന്നും വിവിധ വിഭാഗക്കാരെ ആകര്‍ഷിച്ചിട്ടുണ്ട്. മൂന്ന്, കോഴിക്കോട് ഭാഗത്തു നിന്നും ചാലിയാറിലൂടെ യാത്രാബോട്ടുകള്‍ എടവണ്ണയിലെത്തിയിരുന്നു. എടവണ്ണയില്‍ നിന്നും മുകളിലേക്ക് ചാലിയാര്‍ വഴി യാത്ര ദുര്‍ഘടമായതിനാല്‍ കരമാര്‍ഗ്ഗം ഗൂഡല്ലൂര്‍ വരെ പോയിരുന്നു.
ഇടത്താവളത്തില്‍ സ്ഥിരതാമസം തുടങ്ങിയത് മൂലവും ജനവാസം വര്‍ദ്ധിച്ചു.
ഇങ്ങിനെ വിവിധ വിഭാഗം ആളുകള്‍ ഈ പ്രദേശത്ത് താമസം തുടങ്ങുകയും ഇന്ന് കാണുന്ന തരത്തില്‍ സമൂഹത്തില്‍ സാസംസ്കാരിക വൈവിധ്യം ഉണ്ടായിത്തീരുകയും ചെയ്തു. കൂടാതെ മര വ്യാപാര രംഗത്ത് എടവണ്ണക്കുണ്ടായിരുന്ന പ്രാമുഖ്യം പല പ്രദേശങ്ങളില്‍ നിന്നും എടവണ്ണയില്‍ ധാരാളമാളുകള്‍ വരാനും അത് സാംസ്കാരിക ഇടപെടലുകള്‍ക്കും വളര്‍ച്ചക്കും കാരണമായിട്ടുണ്ട്.
ജനങ്ങളില്‍ ഭൂരിപക്ഷവും മുസ്ലിംകളാണ്. തലശ്ശേരി, വടകര, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും എത്തിയ പുത്തന്‍ വീട്ടുകാരും, വലിയ പീടികക്കാരുമാണ് ആദ്യകാല മുസ്ലിം കുടുംബങ്ങള്‍ എന്നാണ് അനുമാനം. ദേശീയ പ്രസ്ഥാനത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും നവോത്ഥാന സംരംഭങ്ങളുടെയും രംഗ ഭൂമിയാകാന്‍ എടവണ്ണക്ക് കഴി ഞ്ഞിട്ടുണ്ട്. ഓരോ മതവിശ്വാസികളും മത/ഗോത്രപരമായ അനുഷ്ഠാനങ്ങളും ഉല്‍സവങ്ങളും നേര്‍ച്ചകളും കൊണ്ടാടി. പെരകമണ്ണ നേര്‍ച്ച, പെരോ പൂരം, കൊളപ്പാട് ക്ഷേത്രോല്സവും, പത്തപ്പിരിയം, ചാത്തല്ലൂര്‍ പൂരങ്ങള്‍ എന്നിവ പ്രസിദ്ധങ്ങളാണ്. ചെക്കുന്ന്, ആലങ്ങാടി, കൊളപ്പാട്, മലമുകളില്‍ താമസിക്കുന്ന ആദിവാസികളായ മുതുവന്മാരില് പല ആചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. മുസ്ലിം സ്ത്രീകള്‍ ആദ്യമായി പള്ളിയില്‍ പ്രവേശിച്ചു തുടങ്ങിയ ഒതായിയില്‍ നവോത്ഥാന പരിശ്രമങ്ങള്‍ വേണ്ടുവോളം നടന്നു. നാടന്‍ പാട്ടുകള്‍, ഞാറ്റുപാട്ടുകള്‍, മുസ്ലിം കല്ല്യാണ പാട്ടുകള്‍ എന്നിവ അന്യം നിന്നുപോവാന്‍ തുടങ്ങിയിരിക്കുന്നു. പട്ടികജാതിക്കാരിലെ കള്ളാടി വിഭാഗത്തിന്റെ പൂതംകളി, ചവിട്ടുകളി, ഐവര്‍കളി എന്നിവ പേരിന് മാത്രം നിലനില്ക്കുന്നു.പാരമ്പര്യ ചികിത്സ രംഗത്ത് ഒരു കാലത്ത് പേരുകേട്ട ചാത്തല്ലൂരിലെ മുഹമ്മദ് വൈദ്യര്, പത്തപ്പിരിയത്തെ പാരമ്പര്യ കണ്ണു ചികിത്സ എന്നിവ ഓര്‍മ്മ മാത്രമായി.
മലപ്പുറം ജില്ല നിലവില്‍ വന്നപ്പോള്‍ പത്തപ്പിരിയത്ത് പേരൂര്‍ അഹമ്മദ് സാഹിബും കേശവന് നായരും മാധവന് നായരും കണ്ണന് നായരും ഗോപാലന് നായരും നേതൃത്വം നല്കിയൊരുക്കിയ സദ്യ നാട്ടില്‍ ഉത്സവമായിരുന്നു. മത സ്പര്ധയില്ലാതെ പൂരങ്ങളും ഉല്‍സവങ്ങളും നേര്‍ച്ചയും ഒന്നിച്ച് ആഘോഷിച്ചുവന്നു. സാംസ്കാരിക സാമൂഹിക നവോത്ഥാനങ്ങള്‍ക്ക് വേണ്ടി വീറോടെ പോരാടിയ പി. സീതിഹാജിക്കു പുറമേ ആല്പറ്റ അലവി മൗലവി, നിമിഷ കവിയായിരുന്ന പി.ടി. വീരാന്‍കുട്ടി മൗലവി , മുസ്ല്യാരകത്ത് അലിഹസ്സന് മൗലവി, പി.കെ. അലവി മാസ്റ്റര്‍, പി.വി. അലവിക്കുട്ടി സാഹിബ്, ടി.സി. മുഹമ്മദ്, പി.വി. ഉമ്മര്‍കുട്ടി ഹാജി, പി.വി ഷൗക്കത്തലി തുടങ്ങിയവര്‍ സ്മരണീയരാണ്. ഏറ്റവുമൊടുവില്‍ പഞ്ചായത്തിലുടനീളം സജീവ സാന്നിദ്ധ്യമായിരുന്ന കെ.എം. മുസ്തഫയുടെ പേരും എടുത്തുപറയേണ്ടതാണ്. 1950കളില്‍ വായനശാല പ്രസ്ഥാനം പഞ്ചായത്തില്‍ വേരൂന്നിയിരുന്നു.
പരമ്പാരഗതമായി നിലനില്‍ക്കുന്ന മര വ്യവസായങ്ങളുടെ പുറം നാടുകളില്‍ കൂടി പ്രസിദ്ധമാണ് എടവണ്ണയുടെ പെരുമ. ഫര്‍ണ്ണിച്ചര്‍ വ്യവസായം എടവണ്ണയിലെ ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന തൊഴില്‍ മേഖലയാണ്. 1000ല്‍ അധികം ആളുകളാണ് ഈ മേഖലയിലൂടെ ഉപജീവനം കണ്ടെത്തുന്നത്. ചാലിയാര്‍ പുഴയില്‍ നിന്നുള്ള മണല്‍ ഖനനം ഇതുപോലെ തന്നെ 100 കണക്കിനു ആളുകളുടെ തൊഴില്‍ ഇടമാണ്. പരിസ്ഥിതി പ്രശ്നങ്ങള്‍ മൂലം മണല്‍ ഖനനം നിര്‍ത്തി വെച്ചത് നിരവധി ആളുകളെ തൊഴില്‍ രഹിതരാക്കിയിട്ടുണ്ട്. പ്രധാനമായി 6 കരിങ്കല്‍ ക്രഷറുകള്‍ എടവണ്ണയില്‍ പ്രവര്‍ത്തിക്കുന്നതു മൂലം ധാരാളം ആളുകള്‍ക്ക് പല രീതിയില്‍ തൊഴില്‍ ലഭിക്കുന്നു. ചെങ്കല്‍ കോറികള്‍ ഇഷ്ടിക കളങ്ങള്‍ എന്നിവയും റൈസ് 3. പൊതുവിവരങ്ങള്‍
1962 ജനുവരി 1 നാണ് എടവണ്ണ ഗ്രാമ പഞ്ചായത്ത് നിലവില്‍ വന്നത്. 51.2 ച.കി.മി. ആയി വ്യാപിച്ചു കിടക്കുന്ന പഞ്ചായത്തില്‍ 24 വാര്‍ഡുകളും രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനും നാല് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഉണ്ട്. എടവണ്ണ, പെരകമണ്ണ എന്നീ വില്ലേജുകളുടെ പരിധിയില്‍ ആണ് എടവണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.